BEST BLOGGER SCHOOL AWARD GOES TO GUPS PADINJATTINKARA

സര്‍ഗം




 ഹൃദയപൂര്‍വം ആമി                                                                        ചെറുകഥ

     ഓഫീസിലെ തിരക്കിനിടയില്‍ പോസ്റ്റുമാന്‍ കൊടുത്ത കത്ത് നെറ്റിചുളിച്ചുകൊണ്ട് പൊട്ടിച്ചു.
വൃത്തിയുള്ള കൈയക്ഷരം പ്രത്യേകം ശ്രദ്ധിച്ചു.

മൊബൈല്‍ റിംഗ്ടോണുകള്‍ തലങ്ങും വിലങ്ങും ചിലമ്പുന്ന ഇക്കാലത്ത് എന്തിനിങ്ങനെയൊരു കത്ത് എന്ന് നീ അത്ഭുതപ്പെടുന്നുണ്ടാവും. അല്ലേ?

എന്റെ കത്ത് നിനക്കൊരു സര്‍പ്രൈസ് ആയിരിക്കും എന്ന് ആദ്യമേ പറയട്ടെ.

സുഖമാണോ?
പിന്നീട് ഒന്നും പറയാന്‍ കഴിഞ്ഞില്ല. മാപ്പുചോദിക്കുന്നു. അതിന് അര്‍ഹതയില്ലെങ്കിലും.

ഞാനിപ്പോള്‍ എവിടെയാണെന്ന് നിനക്ക് ഊഹിക്കാമോ?
ദൂരെ. വളരെ ദൂരെ. നൈനിറ്റാളില്‍. അതെ. നിനക്കിഷ്ടപ്പെട്ട മഞ്ഞിലെ നായിക വിമലയുടെ നാട്ടില്‍.

നീ ആശംസിച്ചതുപോലെയൊന്നുമല്ല കാര്യങ്ങള്‍ നടന്നത്.
ജീവിതത്തില്‍ റീടേക്കുകളുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു !

നൈനിറ്റാളില്‍ പ്രസിദ്ധമായ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ റൂം നമ്പര്‍ 132-ല്‍ ഇരുന്നുകൊണ്ടാണ് ഞാനീ കത്തെഴുതുന്നത്.
പുറത്ത് മഞ്ഞ് പെയ്യുന്നത് എനിക്ക് വ്യക്തമായി കാണാം.

നിന്റെ അമ്പരപ്പ് അനുനിമിഷം വര്‍ദ്ധിച്ചുവരുന്നത് എനിക്ക് ഊഹിക്കാനാവുന്നുണ്ട്.

കോളജ് വിട്ടതിനു ശേഷം നോര്‍ത്തിലേയ്ക്ക് വണ്ടി കയറിയതാണ്. ഒറ്റയ്ക്ക്. ഒരു ജേണലിസ്റ്റിന്റെ കുപ്പായമിട്ട് തിരക്കിട്ട ജീവിതം.
അസുഖം പിടിപെട്ടത് എപ്പോഴാണെന്നോര്‍മയില്ല.പിന്നെ ചികിത്സയുടെ നാളുകള്‍. എഴുത്തിലൂടെ ചെറിയ വരുമാനം ലഭിച്ചതു മുഴുവനും ചികിത്സയ്ക്കായി ചെലവഴിച്ചു.
ആരുടെയൊക്കെയോ മനസ്സിന്റെ നന്മകൊണ്ട് ഇങ്ങനെ ജീവിക്കുന്നു.

എന്തുണ്ട് വിശേഷങ്ങള്‍? പറയൂ.
അല്ലെങ്കില്‍ വേണ്ട. ഒന്നും പറയേണ്ട. എനിക്കൂഹിക്കാം.
നിന്റെ ഹൃദയം എന്നെപ്പോലെയറിഞ്ഞവര്‍ ആരുമില്ലെന്നെനിക്കറിയാം.

നാളെ എനിക്ക് ചെറിയൊരു ശസ്ത്രക്രിയയുണ്ട് സുജിത്.
ഹൃദയശസ്ത്രക്രിയയാണ്.

ഈ കത്ത് ഇപ്പോള്‍ത്തന്നെ ഞാന്‍ നിന്റെ വിലാസമെഴുതി ഡോക്ടറെ ഏല്പിക്കും.

ഞാന്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നില്ലെങ്കില്‍ മാത്രം ഈ കത്ത് ഡോ. മഹേഷ് ലാല്‍ ഗുപ്ത നിന്റെ വിലാസത്തില്‍ പോസ്റ്റുചെയ്യും.


അങ്ങനെ സംഭവിക്കാതിരിക്കട്ടെ. അല്ലേ?

എന്ന്
ഹൃദയപൂര്‍വം
ആമി.

കത്ത് വീണ്ടും വായിക്കാന്‍ തുടങ്ങി അയാള്‍.
മിഴികളില്‍ നിന്ന് ഊര്‍ന്നുവീഴുന്ന മുത്തുകള്‍ വൃത്തിയുള്ള കൈയക്ഷരങ്ങളെ ഭൂതക്കണ്ണാടികളെപ്പോലെ പൊലിപ്പിച്ചുകൊണ്ടിരുന്നു.
                                                                                               ദിലീപ് കുമാര്‍ 

2 comments:

Dr.sheejakumari said...

കഥ നന്നായിരിക്കുന്നു. ഇനിയും എഴുതുക

muthuchippy said...

ആദ്യന്തം ആകാംക്ഷ നിലനിര്‍ത്തിയിരിക്കുന്നു . ഇത്തരം കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു